പ്രിയ സുഹൃത്തേ
കോട്ടയം ജില്ല രൂപീകൃതമായിട്ട് മുക്കാൽ നൂറ്റാണ്ടു പൂർത്തിയായിരിക്കുകയാണ്. തെക്കുംകൂർ, വടക്കുംകൂർ, പൂഞ്ഞാർ രാജവംശങ്ങളുടെയും മറ്റു നാട്ടധികാരികളുടെയും ആരോഹണ അവരോഹണങ്ങൾക്കു മുമ്പും പിമ്പുമായി ജീവിത വഴികളിലെ യാതനാനിർഭരമായ യാത്രയെ പോരാട്ടമാക്കിമാറ്റിയ ഒരു ജനതയുടെ ഉയിർത്തത്തെഴുനേൽപ്പിൻ്റെ സാക്ഷാത്‌കാരമാണ് ഇന്നത്തെ കോട്ടയം.
അതിന്റെ സാംസ്കാരിക മികവുകളെയും ജീവിത മൂല്യങ്ങളെയും ചരിത്രപരതയിൽ വിലയിരുത്തി പുതിയ കോട്ടയത്തിന്റെ നിർമ്മിതിക്ക് വഴിയൊരുക്കുന്ന ഒരു സർഗ്ഗാത്മക കൂട്ടായ്‌മയ്ക്ക് കോട്ടയം മഹോത്സവമെന്ന മഹാമേള അവസരമാവുകയാണ്.
അറിവുകളും അനുഭൂതികളും സമ്മേളിക്കുന്നതാണ് കോട്ടയം മഹോത്സവം 2026. ടി കെ സ്മാരക പഠന ഗവേഷണ കേന്ദ്രമാണ് ഈ മഹോത്സവത്തിൻ്റെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കോട്ടയം ജില്ല രൂപീകൃതമായിട്ട് 75 വർഷം തികയുന്ന 2026 ൽ കോട്ടയത്തിനു ലഭിക്കുന്ന ഏറ്റവും മഹത്തും ബൃഹത്തുമായ സാംസ്‌കാരികോത്സവമായിരിക്കും ‘കോട്ടയം മഹോത്സവം 2026’. അക്കാദമികവും ജനകീയവുമായ ഒട്ടനവധി ഒത്തുചേരലുകൾക്കു വഴി ഒരുക്കിക്കൊണ്ടായിരിക്കും കോട്ടയം മഹോത്സവം 2026 ന്റെ അരങ്ങ് ഒരുങ്ങുന്നത്.
കോട്ടയം ജില്ലയുടെ ചരിത്രം, സംസ്‌കാരം, ജനജീവിതം, സാമൂഹിക രാഷ്ട്രീയ വികാസം തുടങ്ങിയ എല്ലാമേഖലകളെയും കുറിച്ച് നടത്തുന്ന ആഴവും പരപ്പുമുള്ള അക്കാദമിക പഠനമാണ് ‘കോട്ടയം മഹോത്സവം 2026’ ലെ ഒരു സവിശേഷത. കോട്ടയത്തെകുറിച്ച് ഏകദേശം 40 വിഷയമേഖലകളിൽ ആയി നൂറ്റി അൻപതോളം പഠന അവതരണങ്ങൾ അക്കാദമിക് സെമിനാറുകളിൽ ഉണ്ടാകും. ഓരോ വിഷയത്തെക്കുറിച്ചും പഠനങ്ങൾ നടത്തുകയും ആ പഠനങ്ങൾ പ്രബന്ധങ്ങളായി അവതരിപ്പിക്കുകയും ചെയ്യുന്ന സെമിനാറുകൾക്കു ശേഷം അത് പുസ്‌തകങ്ങളായും ഇ-ബുക്കുകളായും സമാഹരിച്ച്
പ്രസിദ്ധപ്പെടുത്തും.
കോട്ടയത്തിന്റെ കലകളുടെയും സിനിമകളുടെയും അവതരണം, കോട്ടയം രുചികൾ ആസ്വദിക്കാൻ വഴിയൊരുക്കുന്ന മേളകൾ, കോട്ടയത്തിൻ്റെ കായിക പാരമ്പര്യം വിശദമാക്കുന്ന പ്രദർശനങ്ങൾ തുടങ്ങിയ ഒട്ടേറെ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതായിരിക്കും. ഭാവി കോട്ടയത്തിന്റെ വികസനവഴികൾക്കു വേഗം പകരുന്ന ചിന്താനിർഭരമായ ഈ മഹത് സംരംഭത്തോട്
സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ടി കെ സ്മാരക പഠന ഗവേഷണ കേന്ദ്രം
ടി. ആർ. രഘുനാഥൻ (ചെയർമാൻ)
അഡ്വ. കെ അനിൽകുമാർ (ഡയറക്ടർ)
എം വി കോര (സെക്രട്ടറി)
ഡോ ബാബു ചെറിയാൻ (കൺവീനർ അക്കാദമിക് കമ്മിറ്റി)
Leave a Reply